Saturday, August 6, 2016

Universe Conspires

കുറേ നാളായി ബ്ലോഗിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യണം എന്ന് വിചാരിക്കുന്നു..പക്ഷെ അങ്ങട് നടക്കുന്നില്ല..ഏതായാലും ഇതിവിടെ കിടക്കട്ടെ.. 

'When you want something, the whole universe conspires to make it happen.'


പൗലോ കൊയ്‌ലോയുടെ ലോകപ്രശസ്തമായ ഈ വാചകം കേൾക്കാനൊക്കെ നല്ല രസമുണ്ട്. പക്ഷെ യാഥാർഥ്യത്തിൽ ഇത് വല്ലതും നടക്കുമോ? ഇന്നത്തെ എന്റെ ദിവസവുമായി കൂട്ടി വായിക്കുമ്പോൾ നടക്കാൻ ഇത്തിരി ബുദ്ധിമുട്ടാ..ഇന്നത്തെ എന്ന് പറയുമ്പോ, ദേ ഇന്ന് രാവിലെ നടന്ന സംഭവം..അപ്പൊ ഇന്ന് രാവിലെയിലേക്ക് പോകാം...

ഓഫീസിൽ എന്തോ ട്രെയിനിങ് ഒക്കെ എടുക്കാൻ വേണ്ടി അങ്ങ് യൂ.എസ്സിൽ നിന്നും ആള് വന്നിട്ടുണ്ടെന്നും അത് കൊണ്ട് ഇന്ന് രാവിലെ കൃത്യം ഒമ്പതരയ്ക്ക് ഓഫിസിൽ എത്തണമെന്നും ഇന്നലെ അറിയിച്ചിരുന്നു..
ഒമ്പതരയേ..!
ഒമ്പതര എന്ന് പറയുമ്പോ എനിക്ക് സൂര്യോദയം ജസ്ററ് കഴിഞ്ഞ സമയം..ആ സമയമൊക്കെ ഞാൻ ഓഫീസിൽ എത്തണമെന്ന് പറഞ്ഞാൽ യൂണിവേഴ്‌സ് ചില്ലറ കൺസ്പയർ ഒന്നും ചെയ്താ പോരാ..എന്തായാലും ഒരു ട്രെയിനിങ് ഒക്കെ പറഞ്ഞു വച്ചതല്ലേ, കൃത്യ സമയത്ത് തന്നെ ഓഫീസിൽ  എത്തണം എന്ന് ഞാൻ തീരുമാനിച്ചു..അതിന് വേണ്ടി അതി രാവിലെ ഏഴേമുക്കാലിന് അലാറം വച്ചു.അത് കൂടാതെ ഏഴേ അമ്പത്തിഅഞ്ചിന് വേറെ ഒരു അലാറവും ..(പ്ലാൻ ബി). ഞങ്ങൾ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ അങ്ങനെയാ..എപ്പോഴും ഒരു ബാക്കപ്പ് പ്ലാൻ കാണും.. 

അങ്ങനെ രണ്ടാമത്തെ അലാറമിന്റെ മൂന്നാമത്തെ സ്നൂസ് ബെല്ലടിച്ചപ്പോ ഞാൻ ചാടി എണീറ്റു..പക്ഷെ നോക്കുമ്പോ വീട്ടിൽ കറന്റില്ല..ബെസ്റ് ! ഇങ്ങനെയാണോ മിസ്റ്റർ യൂണിവേഴ്‌സ് നിങ്ങ കൺസ്പയർ ചെയ്യുന്നത്?ഇതിനെ കൺസ്പയർ എന്നല്ല കോൺസ്പിരസി എന്നാ വിളിക്ക്യാ.. 
സമയപരിമിതി മൂലം കറന്റ് വരാൻ കാത്ത് നിൽക്കാതെ തണുത്ത വെള്ളത്തിൽ കുളിച്ച് കൂട്ടത്തിൽ ചുളിവ് കുറഞ്ഞ ഒരു ഡ്രസ്സ് ഒക്കെ എടുത്തിട്ട് ഞാൻ പെട്ടെന്ന് റെഡി ആയി..ഷൂസ് ഒക്കെയിട്ട് വീട്ടിന്ന് ഇറങ്ങാൻ വാതിൽ തുറന്നപ്പോ ദേ ലൈറ്റ് കത്തി. യൂണിവേഴ്‌സ് കൊഞ്ഞനം കുത്തുന്നു ! (വെറുതെ അല്ലടോ ഗ്ലോബൽ വാർമിംഗ് ഒക്കെ ഉണ്ടാവുന്നത് )

ഇത് വരെ ഉള്ള ഒരു അനുഭവം വച്ചിട്ട് വീടിനടുത്തുള്ള റെയിൽവേ ക്രോസ് അടഞ്ഞിരിക്കാനാണ് സാധ്യത എന്ന് ഞാൻ ഊഹിച്ചു..എന്റെ ഊഹം തെറ്റിയില്ല..
റെയിൽവേ ക്രോസിന് മുൻപിൽ വാഹനങ്ങളുടെ നീണ്ട നിര തന്നെ ആയിരുന്നു ...ഇഴഞ്ഞിഴഞ്ഞ് എങ്ങനെയൊക്കെയോ റെയിൽവേ ക്രോസ്സ് കടന്ന് മെയിൻ റോഡ് എത്തിയപ്പോ അവിടേം ഒടുക്കത്തെ ട്രാഫിക്..യൂണിവേഴ്‌സേ, എനിക്ക് ട്രാഫിക് ഇഷ്ടമാണെന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളത് ട്രാഫിക് സിനിമയെ  പറ്റിയാണ്...ഈ ട്രാഫിക് അല്ല.!

ബൈക്ക് ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ ഇടയ്ക്കിടെ വാച്ച് നോക്കി..അത് കൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നും ഇല്ലെങ്കിലും അതൊരു ശീലമാണല്ലോ..ഇപ്പൊ നമ്മൾ ഒരു ബസ്റ്റോപ്പിൽ ആരെയെങ്കിലും കാത്തു നിൽക്കുകയാണെന്നിൽ അയാൾ വരാൻ സാധ്യത ഉള്ള സ്ഥലത്തേക്ക് നമ്മൾ ഇങ്ങനെ എത്തി നോക്കും..അങ്ങനെ എത്തി നോക്കുന്നത് കൊണ്ട് അയാൾ വേഗം വരുമോ? ഇല്ലല്ലോ..എന്നാലും നമ്മൾ നോക്കും..അതാണതിന്റെ ഒരു ഇത്..
അയ്യോ..മനസ്സ് എങ്ങോട്ടൊക്കെയോ സഞ്ചരിച്ചു..വേഗം സഞ്ചരിക്കുന്ന മനസ്സും ട്രാഫിക്കിൽ ഇഴഞ്ഞ് നീങ്ങുന്ന ബൈക്കുമായി അമൽ നീരദിനെ തോൽപ്പിക്കുന്ന സ്ലോ മോഷനിൽ ഞാൻ മുന്നോട്ട്..

അതിനിടയ്ക്ക് റോഡിൽ യൂണിവേഴ്‌സ് ഒരു റൂബിക്സ് ക്യൂബ് കളിച്ചു കൊണ്ടിരുന്നു.ബസ്സുകൾ നടുറോട്ടിൽ നിർത്തി ഇട്ടിരിക്കുന്നു..റോഡിന്റെ ഇടത് ഭാഗത്തേക്ക് ആളുകൾ ബസ്സിൽ നിന്നും ഇറങ്ങുന്നു..ബസ്സിലേക്ക് ആളുകൾ കയറുന്നു..സർവീസ് റോഡിൽ നിന്നും വണ്ടികൾ മെയിൻ റോഡിലേക്ക് കേറുന്നു..മെയിൻ റോഡിൽ നിന്നും വണ്ടികൾ സർവീസ് റോഡിലേക്ക് പോകുന്നു..ആളുകൾ റോഡ് ക്രോസ്സ് ചെയ്യുന്നു..ഇതിനിടയ്ക്ക് പൊട്ടൻ പൂരം കാണാൻ പോയ പോലെ അവിടെ ഇന്റർസെപ്റ്റർ ഒക്കെ ആയി പോലീസും നിൽക്കുന്നു..ഇവിടെയുള്ള എല്ലാ വണ്ടികളുടെയും സ്പീഡ് കൂട്ടി നോക്കിയാലും ഓവർ സ്പീഡിനുള്ള സംഖ്യ കിട്ടില്ല..എന്നിട്ടും ഇവിടെ ഇന്റർസെപ്റ്റർ ആയി നിൽക്കുന്ന പോലീസുകാരാ, ശുഭാപ്തി വിശ്വാസം എന്ന് പറഞ്ഞാ ഇതാണ്..(എന്നാലും കബാലി റിലീസ് ദിവസം അനൂപ് മേനോന്റെ പടം ഇറക്കാൻ കാണിച്ച പ്രൊഡ്യൂസർഡെ ശുഭാപ്തി വിശ്വാസത്തിന്റെ അത്രേം വരില്ല. )

അങ്ങനെ എങ്ങനെയൊക്കെയോ ട്രാഫിക്കും താണ്ടി ഓഫീസ് ബേസ്മെന്റിൽ എത്തി.വണ്ടി പാർക്ക് ചെയ്ത് ഞാൻ വേഗം ലിഫ്റ്റ് ലോബിയിലേക്ക് ഓടി. ഒമ്പതര ആവാൻ ഇനി 30  സെക്കന്റ് കൂടി..സ്റ്റോപ്പുകൾ ഒന്നും ഇല്ലാതെ മൂന്നാം നില വരെ ലിഫ്റ്റ് പോയാലേ ഇനി സമയത്ത് എത്താൻ പറ്റൂ ..അത് മാത്രമേ ഇനി യൂണിവേഴ്സിന് ചെയ്യേണ്ടതുള്ളു..'യൂണിവേഴ്‌സ്, അതെങ്കിലും? '

ലിഫ്റ്റ് വന്നു..ഞാൻ ലിഫ്റ്റിൽ കയറി..ഭാഗ്യത്തിന് ഞാൻ മാത്രമേ ഉള്ളൂ..ഞാൻ വേഗം 3 എന്ന് ഞെക്കി..ലിഫ്റ്റ് മുകളിലേക്ക് ഉയർന്ന് തുടങ്ങി..ദേ ഗ്രൗണ്ട് ഫ്ലോർ  എത്തിയപ്പോൾ ലിഫ്റ്റ് നിന്നു ..ഒരാൾ ലിഫ്റ്റിൽ കയറി..അയാൾ ഏതു ഫ്ലോറിലേക്കാവും എന്ന് ഞാൻ ഉറ്റു നോക്കി..'3 or ഗ്രേറ്റർ താൻ 3..കമോൺട്ര മഹേഷേ' ഞാൻ മനസ്സിൽ പറഞ്ഞു ..ഉദ്വേകപരമായ നിമിഷങ്ങൾക്കൊടുവിൽ അയാൾ 4 ഞെക്കി..'യെസ്! മിഷൻ ആക്കoബ്ലിഷ്ഡ്!

ലിഫ്റ്റ് വീണ്ടും നീങ്ങി. ദോണ്ടേ ഫസ്റ്റ് ഫ്ലോർ എത്തിയപ്പോ വീണ്ടും നിർത്തി. 'എവിടെ ആ ചോപ്പ് മുഖമുള്ള ദേഷ്യം സ്മൈലി ?' ഒരാൾ ലിഫ്റ്റിൽ കേറി. 'താനിനി 2nd ഫ്ലോർ ഞെക്കടോ ..അപ്പൊ എല്ലാ ഫ്‌ളോറും ആയല്ലോ ', ഞാൻ മനസിൽ പറഞ്ഞു..അയാളത് കേട്ടെന്നു തോന്നുന്നു..കറക്റ്റ് ആയി അയാൾ 2nd ഫ്ലോർ തന്നെ ഞെക്കി. സംതൃപ്തിയായി !

അങ്ങനെ അവിടേം ഇഴഞ്ഞ് നീങ്ങി മൂന്നാം നിലയിൽ എത്തി..ഭാഗ്യത്തിന് ട്രെയിനിങ് തുടങ്ങിയിരുന്നില്ല..എന്നിരുന്നാലും ഒരു സമയത്ത് എത്തണമെന്ന് വിചരിച്ച് എത്താൻ പറ്റാത്തതിന്റെ വിഷമത്തിൽ ആയിരുന്നു ഞാൻ..

ഭൂതത്തെ പറ്റി പറഞ്ഞു പറഞ്ഞു വർത്തമാനമായി..ഇപ്പൊ ദേ ഞാൻ ട്രെയിനിങ് റൂമിലാണ്....യൂ.എസ്സിൽ  നിന്നും വന്ന മനുഷ്യൻ തകൃതിയായി ട്രെയിനിങ് എടുത്ത് കൊണ്ടിരിക്കുന്നു..അയാൾ നോക്കുമ്പോ ഞാൻ കാര്യമായി നോട്ട്സ് എഴുതിയെടുക്കുന്നു..(നോട്ട്സ് എല്ലാവര്ക്കും ഷെയർ ചെയ്യാൻ പറയാതിരുന്നാൽ മതിയായിരുന്നു !)

കൂടുതൽ കടന്ന് ചിന്തിക്കുമ്പോഴാണ് എനിക്ക് വേറെ ഒരു കാര്യം മനസ്സിലായത്..വെൻ യൂ റിയലി വാണ്ട് സംതിങ് ആണ് യൂണിവേഴ്‌സ് കൺസ്പയർ ഒക്കെ ചെയ്യുള്ളു..അല്ലാതെ കണ്ട ആപ്പ ഊപ്പ കാര്യങ്ങൾക്കൊന്നും ചെയ്യൂല്ല.അങ്ങനെ ഒക്കെ നോക്കുമ്പോ ഈ ട്രെയിനിങ് എനിക്ക് അത്ര റിയലി അറ്റൻഡ് ചെയ്യാൻ ആഗ്രഹമുള്ള ഒരു സംഭവമൊന്നും ആയിരുന്നില്ല..പിന്നെ യൂണിവേഴ്‌സ് എന്തിന് കൺസ്പയർ ചെയ്യണം അല്ലേ? യൂണിവേഴ്‌സിനെന്താ തലയ്ക്ക് ഓളമോ ? വെറുതെ യൂണിവേഴ്‌സിനെ തെറ്റിധരിച്ചു ..

ഏതായാലും കുറേ നാളായി ബ്ലോഗിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യണം എന്ന് വിചാരിക്കുന്നു..ഈ ട്രെയിനിങ് കാരണം അതിനു ഒരു അവസരം കിട്ടി എന്ന് പറയാം..ഒരു പക്ഷെ അതായിരിക്കുമോ യൂണിവേഴ്‌സ് കൺസ്പയർ ചെയ്തത് ?? ;)

2 comments: